ഭക്ഷണം എത്രത്തോളം സുരക്ഷിതമാണ്?
- Alfa MediCare
- Jun 7, 2023
- 2 min read
Updated: Jun 15, 2023

ഇന്ന് നമ്മള്‍ കഴിച്ചുകൊണ്ടിരിക്കുന്ന വീട്ടില്‍ തന്നെ ഉണ്ടാക്കുന്നതായാലും അത് ഉണ്ടാക്കുവാനായി നാം ഉപയോഗിക്കുന്ന സാധനങ്ങളില്‍ എത്രത്തോളം നമുക്ക് വിശ്വസിക്കുവാന്‍ സാധിക്കും?
മീന്‍ വാങ്ങിയാല്‍ അത് ഒരാഴ്ച റഫ്രിജറേറ്ററില്‍ ഇരുന്നാല്‍പോലും ചീത്തയാകാത്ത അവസ്ഥയാണ്. വൃത്തിഹീനമായ സാഹചര്യത്തില്‍ ഉണ്ടാക്കിയെടുക്കുന്ന ഭക്ഷണങ്ങളും അതുപോലെ, വിഷമയമായ ഭക്ഷ്യപദാര്‍ത്ഥങ്ങളും നമ്മളുടെ ഭക്ഷ്യസുരക്ഷയെ തന്നെ ചോദ്യം ചെയ്യുന്ന വിധത്തിലാണ്. ഭക്ഷ്യസുരക്ഷ എങ്ങിനെ ഉറപ്പ് വരുത്താം, ഭക്ഷ്യ വിഷബാധ ഏതെല്ലാം വിധത്തില്‍ ഉണ്ട്? എങ്ങിനെ വരുന്നു എന്നെല്ലാം നോക്കാം.
ഭക്ഷ്യ വിഷബാധ പ്രധാനമായും മൂന്നു തരത്തിലാണ് ഉണ്ടാകുക.
1. ഭക്ഷണത്തിലെ അണുക്കള്‍ (രോഗമുളവാക്കുന്ന ബാക്റ്റീരിയകളും വൈറസുകളും ) ശരീരത്തില്‍ പ്രവേശിക്കുക വഴി (Infection)
2. ഭക്ഷണത്തില്‍ പ്രവേശിച്ച സൂക്ഷ്മാണുക്കളും പൂപ്പലും ഉണ്ടാക്കുന്ന വിഷവസ്തുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുക (Food intoxication)
3. വിഷമയമായ വസ്തുക്കള്‍, കീടനാശിനികള്‍, മറ്റു രാസവസ്തുക്കള്‍ എന്നിവ ഭക്ഷണത്തില്‍ അബദ്ധത്തില്‍ കലര്‍ന്നു പോകുക വഴി ( Chemical Contamination) ഭക്ഷ്യവിഷബാധ ഉണ്ടാകുന്നു.

സര്‍വ്വസാധാരണമായ അണുബാധകള്‍ സാല്‍മൊണെല്ല, ലിസ്റ്റീരിയ എന്നിവയാണ്. വൃത്തിഹീനമായ പാചകം, പാത്രങ്ങള്‍, വെള്ളം, സുരക്ഷിതമായി സൂക്ഷിക്കാത്ത അസംസ്‌കൃത പദാര്‍ത്ഥങ്ങള്‍ എന്നിവമൂലവും ഭക്ഷ്യ വിഷബാധ ഉണ്ടാകാം.
ഭക്ഷ്യവിഷബാധ ഉണ്ടാകാതെ ഇരിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട് അവ ഏതെല്ലാമെന്ന് നോക്കാം.
1. കുട്ടികളുമൊത്ത് ഭക്ഷണം പുറത്തു നിന്നും കഴിക്കേണ്ടി വന്നാല്‍ അപ്പോള്‍ പാചകം ചെയ്ത് അപ്പോള്‍ തന്നെ കഴിക്കാവുന്നവ തെരഞ്ഞെടുക്കുക.
2. പുറത്തു നിന്നും വെള്ളം കുടിക്കേണ്ടി വരുമ്പോള്‍ ഡ്രിങ്കിങ്ങ് വാട്ടര്‍ ക്വാളിറ്റിയുള്ളത് മാത്രം സീല്‍ഡ് പരുവത്തില്‍ വാങ്ങുക.
3. പച്ചക്കറി, മാംസം, മത്സ്യം തുടങ്ങിയവ വാങ്ങുമ്പോള്‍ അത് വൃത്തിയായും സുരക്ഷിതമായും സൂക്ഷിച്ചവയാണെന്ന് ഉറപ്പു വരുത്തുക.
4. മീന്‍ കഴിവതും ഫ്രഷ് ആയി വാങ്ങുക, വാങ്ങിയാല്‍ ഉടനെ പാചകം ചെയ്യുക.
5. സുരക്ഷിതമായ വെള്ളം മാത്രം പാചകത്തിന് ഉപയോഗിക്കുക. നമ്മള്‍ ഉപയോഗിക്കുന്ന വെള്ളം എവിടെ നിന്നും വരുന്നു, അതുപോലെ, ഇത് നന്നായി ഫില്‍ട്ടര്‍ ചെയ്തതിന് ശേഷം മാത്രമാണോ നമ്മളിലേയ്ക്ക് എത്തുന്നത് എന്നെല്ലാം നാം മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. അതുപോലെ, വെള്ളം നന്നായി തിളപ്പിച്ച് ഉപയോഗിക്കുവാനും ഒരിക്കലും മടി കാണിക്കരുത്.
6. മീന്‍, മുട്ട എന്നിവ ഷോപ്പിങ്ങിന്റെ അവസാനം മാത്രം വാങ്ങുക, വീട്ടില്‍ എത്തിയാൽ ഉടന്‍ ഇവ ഫ്രിഡ്ജില്‍ വേണ്ട സ്ഥാനത്ത് തന്നെ വയ്ക്കുക.
7. പാല്‍, മുട്ട, ഇറച്ചി, മീന്‍ എന്നിവ മറ്റു ഷോപ്പിംഗ് സാമഗ്രികളുമായി കൂട്ടി കലർത്താതെ ഇരിക്കാൻ ശ്രദ്ധിക്കുക. ഇവ കൈകൊണ്ട് തൊട്ടാല്‍ കൈ സോപ്പിട്ട് കഴുകുക.
8. പൊട്ടിയതോ ലീക്ക് ചെയ്യുന്നതോ സെക്യൂരിറ്റി സീല്‍ പോയതോ ആയ യാതൊന്നും വാങ്ങാതെ ശ്രദ്ധിക്കുക
9. കാഴ്ചക്ക് ഫ്രഷ് അല്ലെന്നു തോന്നുന്നവ, എക്സ്പയറി ഡേറ്റ് കഴിഞ്ഞവ വാങ്ങരുത്.
10. ചൂടുകാലത്തേക്ക് റഫ്രിജറേറ്റര്‍ തണുപ്പ് അഡ്ജസ്റ്റ് ചെയ്യേണ്ടതായിട്ടുണ്ട്. അണ്‍ഫ്രീസ് ചെയ്യുന്നത് എന്തായാലും അപ്പോള്‍ തന്നെ പാചകം ചെയ്യണം
11. കട്ടിങ്ങ് ബോര്‍ഡുകള്‍, കത്തികള്‍ എന്നിവ ഇറച്ചി മുട്ട മീന്‍ എന്നിവ വെട്ടാന്‍ ഉപയോഗിച്ചാല്‍ അത് സോപ്പിട്ട് കഴികുക. ഇടയ്ക്കിടെ ചോപ്പിങ് ബോര്‍ഡ് ക്ലോറിന്‍ ഉപയോഗിച്ചു കഴുകുക.
12. ഇറച്ചിയും മീനും മുറിച്ചാല്‍ മറ്റെന്തെങ്കിലും എടുക്കും മുന്നേ കൈ സോപ്പിട്ട് കഴുകുക.
13.പാചകം ചെയ്തത് എന്തും രണ്ടു മണിക്കൂറിനുള്ളില്‍ തീര്‍ന്നില്ലെങ്കില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുക.
14. ഫ്രിഡ്ജിനുള്ളില്‍ പാചകം ചെയ്തതെന്തും ഭദ്രമായി മൂടി വയ്ക്കുക.
15. മൂന്നു ദിവസത്തിനപ്പുറം പാചകം ചെയ്ത യാതൊന്നും ഫ്രിഡ്ജില്‍ സൂക്ഷിക്കാതെയിരിക്കുക.
ക്ലീനിങ്ങ് കെമിക്കലുകള്‍, ഡിഷ്വാഷ് ലിക്വിഡ് തുടങ്ങിയവയുടെ അംശങ്ങള്‍ പാത്രങ്ങളില്‍ ഇല്ലെന്ന് ഉറപ്പു വരുത്തുക.
16. ഭക്ഷണത്തിനു മുന്‍പും ശേഷവും കൈ കഴുകുക, കുട്ടികളെ കൈ കഴുകിക്കുക.
17. വീട്ടില്‍ വാങ്ങി സ്റ്റോക്ക് ചെയ്യുന്ന ഭക്ഷ്യസാധനങ്ങള്‍ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞുവോ എന്ന് പരിശോധിച്ച ശേഷം മാത്രം ഉപയോഗിക്കുക.
18. സര്‍വ്വോപരി അടുക്കള എപ്പോഴും വൃത്തിയായും നനവില്ലാതെയും സൂക്ഷിക്കുക.




Comments