top of page

കണ്ണുകളെ പൊന്നുപോലെ കാത്തിടാൻ കഴിക്കേണ്ടതെന്തൊക്കെ?

  • Writer: Alfa MediCare
    Alfa MediCare
  • Oct 14, 2022
  • 2 min read

Updated: Apr 24, 2023


എല്ലാ വര്‍ഷവും ഒക്ടോബറിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് ലോക കാഴ്ച ദിനമായി ആചരിക്കുന്നത്. ഈ വര്‍ഷം ഒക്ടബോര്‍ 13നായിരുന്നു ലോകാരോഗ്യ സംഘടന കാഴ്ച ദിനമായി ആചരിച്ചന്നത്. അന്ധത, കാഴ്ച്ച വൈകല്യം, കാഴ്ച്ച സംരക്ഷണം, നേത്ര സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പൊതു അവബോധം വര്‍ധിപ്പിക്കുക എന്നതാണ് ലോക കാഴ്ച്ച ദിനത്തിന്റെ ലക്ഷ്യം. ഈ വര്‍ഷത്തെ ലോക കാഴ്ച്ച ദിനത്തിന്റെ പ്രമേയം 'നിങ്ങളുടെ കണ്ണുകളെ സ്‌നേഹിക്കുക' എന്നതാണ്. കണ്ണുകളുടെ ആരോഗ്യം ശ്രദ്ധിക്കാന്‍ ആവശ്യപ്പെടുവാനാണ് ലവ് യുവര്‍ ഐസ് ക്യാമ്പെയ്ന്‍ ആളുകളോട് ആവശ്യപ്പെടുന്നത്.




കൃത്യമായി രോഗ നിര്‍ണയം നടത്താതതും ചികിത്സ ലഭിക്കാത്തതും കാരണം 1 ബില്യണ്‍ ആളുകള്‍ക്ക് സമീപമോ അല്ലെങ്കില്‍ വിദൂരവുമായ കാഴ്ച്ച വൈകല്യമുണ്ടെന്ന് ഡബ്യൂഎച്ച്ഒയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഏത് പ്രായക്കാര്‍ക്കും കാഴ്ച്ച വൈകല്യമുണ്ടാകാമെങ്കിലും 50 വയസിന് മുകളിലുള്ളവര്‍ക്കാണ് രോഗം വരാന്‍ കൂടുതല്‍ സാധ്യത. വെറുതെ കണ്ണ് അടക്കുമ്പോള്‍ ഇരുട്ട് ആകുന്നത് പോലും പലര്‍ക്കും സഹിക്കാന്‍ കഴിയില്ല. അന്ധത അല്ലെങ്കില്‍ കാഴ്ച്ച വൈകല്യം ഒരു വ്യക്തിയുടെ ദൈനംദിന ജീവിതത്തെ തന്നെ ബാധിക്കും. തൊഴില്‍ സാധ്യതകള്‍, യാത്ര ചെയ്യാനുള്ള കഴിവ് തുടങ്ങി ഒരാളുടെ സ്വകാര്യ ജീവിതത്തിന്റെ പല വശങ്ങളെയും കാഴ്ച്ച വൈകല്യം പരിമിതപ്പെടുത്തുന്നു.


കാഴ്ച്ചശക്തിയെന്നത് കണ്ണിന്റെ ആരോഗ്യത്തെ അടിസ്ഥാനപ്പെടുത്തിരിയ്ക്കുന്നു. കണ്ണില്ലാത്തവനേ കണ്ണിന്റെ വിലയറിയൂ എന്നുളള ചൊല്ലു തന്നെ കാഴ്ചശക്തിയുടെ വിലയെക്കുറിച്ച് സൂചിപ്പിയ്ക്കുന്ന ഒന്നാണ്. ശരീരത്തിന് സംവേദനം നല്‍കുന്ന ഒന്നാണ് കണ്ണുകള്‍ (eyes). കണ്ണിന്റെ ആരോഗ്യം ഇപ്പോഴത്തെ കാലത്ത് വലിയ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. കമ്പ്യൂട്ടര്‍, ഫോണ്‍ ഉപയോഗവും ടിവി സ്‌ക്രീനുമെല്ലാം തന്നെ ഇതിന് കാരണമാകുന്നുമുണ്ട്. ചെറിയ കുട്ടികളില്‍ പോലും ഇന്നത്തെ കാലത്ത് കാഴ്ചസംബന്ധിയായ പല പ്രശ്‌നങ്ങളും കണ്ടു വരുന്നു. കണ്ണിന്റെ ആരോഗ്യത്തിന് അല്ലെങ്കിൽ കാഴ്ച്ചശക്തിയ്ക്ക് ചെയ്യേണ്ട ചിലതുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.



ആരോഗ്യകരമായ ഭക്ഷണം കണ്ണിന്റെ ആരോഗ്യത്തിനും പ്രധാനമാണ്. വിറ്റാമിൻ എ, ബി, ഇ, ഡി, സി, ബീറ്റാ കരോട്ടിൻ, അമിനോ ആസിഡുകൾ തുടങ്ങിയ പോഷകങ്ങൾ ആരോഗ്യകരമായ കണ്ണുകളെ പ്രോത്സാഹിപ്പിക്കുന്നു. കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ചില പ്രത്യേക ഭക്ഷണങ്ങളുണ്ട്. ഇവയില്‍ ഒന്നാണ് നെല്ലിക്ക. ആന്റിഓക്‌സിഡന്റുകളും മറ്റ് ശക്തമായ പോഷകങ്ങളും കൊണ്ട് സമ്പുഷ്ടമാണ് നെല്ലിക്ക. ഇത് കാഴ്ചശക്തി മെച്ചപ്പെടുത്തും. നെല്ലിക്കയിലെ വിറ്റാമിൻ സി റെറ്റിന കോശങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ആരോഗ്യകരമായ കാപ്പിലറികളെ സഹായിക്കുകയും ചെയ്യുന്നു. നെല്ലിക്ക ദിവസവും കഴിയ്ക്കാം. അല്ലെങ്കില്‍ നെല്ലിക്ക ജ്യൂസാക്കി കുടിയ്ക്കാം.


അടുക്കളയിലെ കേമനായ പെരുംജീരകം കാഴ്ച്ച ശക്തി വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ കാഴ്ച്ചശക്തിയ്ക്ക് ഗുണകരമായി വര്‍ത്തിയ്ക്കുന്നു. പുരാതന റോമില്‍ കാഴ്ച്ചയുടെ സസ്യം എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. ഇതു പോലെ ആസ്പരാഗസ് അഥവാ ശതാവരി കാഴ്ച്ചശക്തിയെ സഹായിക്കുന്ന മറ്റൊന്നാണ്. ആയുര്‍വേദം പറയുന്ന വഴി കൂടിയാണിത്. ഇത് പാലില്‍ ചേര്‍ത്ത് കഴിയ്ക്കുന്നത് നല്ലതാണ്


ബദാമിലെ ഒമേഗ 3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, ആന്റിഓക്‌സിഡന്റുകൾ എന്നിവ സ്വാഭാവികമായും കാഴ്ച്ചശക്തി മെച്ചപ്പെടുത്തുന്നു. ഒന്നുകിൽ ബദാം കഴിക്കാം അല്ലെങ്കിൽ വെള്ളത്തിൽ മുക്കി വച്ച ബദാം അരച്ചെടുത്ത് പേസ്റ്റ് തയ്യാറാക്കി ഒരു ഗ്ലാസ് പാലിൽ കലർത്തി കുടിക്കാം. ഇതു പോലെ ക്യാരറ്റ് കാഴ്ച്ചശക്തിയെ മെച്ചപ്പെടുത്തുന്ന മറ്റൊരു ഭക്ഷണ വസ്തുവാണ്. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. പച്ച ഇലക്കറികൾ. ചീര, ചോളം, ബീറ്റ്റൂട്ട്, കാബേജ്, ബ്രൊക്കോളി, ബ്ലൂബെറി, മുട്ട, നട്ട്സ്, കൊഴുപ്പ് അടങ്ങിയ മീൻ തുടങ്ങിയ ഭക്ഷണങ്ങൾ കാഴ്ച്ചശക്തി സ്വാഭാവികമായി മെച്ചപ്പെടുത്താൻ സഹായിക്കും.


കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന വ്യായാമങ്ങള്‍ ചെയ്യാം. ഇവ കണ്ണുകളിലേക്ക് രക്തചംക്രമണം മെച്ചപ്പെടുത്തുകയും കാഴ്ച്ചശക്തി നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. കണ്ണുകള്‍ ക്ലോക്ക് വൈസ്, ആന്റിക്ലോക്ക് വൈസ് ദിശയില്‍ ചലിപ്പിയ്ക്കുന്നതും വട്ടം കറക്കുന്നതും അടച്ചു തുറക്കുന്നതുമെല്ലാം നല്ല വ്യായാമങ്ങളാണ്. ഇത് ഇടയ്ക്കിടെ ചെയ്യാം. പ്രത്യേകിച്ചും സ്‌ക്രീനുകള്‍ നോക്കുന്നതിനിടയില്‍. സ്‌ക്രീന്‍ സമയം കഴിവതും കുറയ്ക്കുക. നോക്കുകയാണെങ്കില്‍ തന്നെ ഇതില്‍ നിന്നും കണ്ണുകളെ സംരക്ഷിയ്ക്കാനുള്ള വഴികള്‍ നോക്കുക. ഇതിന് സഹായിക്കുന്ന ഗ്ലാസുകള്‍ ലഭ്യമാണ്. കൃത്യമായ അകലത്തില്‍ സ്‌ക്രീനുകള്‍ അകറ്റിപ്പിടിയ്ക്കുക. ഇടയ്ക്കിടെ കണ്ണുകള്‍ക്ക് ഇതില്‍ നിന്നും നീക്കി വിശ്രമം നല്‍കണം. ഐസ്, കുക്കുമ്പര്‍ പായ്ക്കുകള്‍ കണ്ണിന് മുകളില്‍ വയ്ക്കുന്നത് കണ്ണിന് ഉന്മേഷം ലഭിയ്ക്കാന്‍ സഹായിക്കും. കണ്‍തടങ്ങള്‍ പതുക്കെ മസാജ് ചെയ്യാം. രക്തപ്രവാഹം വര്‍ദ്ധിയ്ക്കാന്‍ ഇത് നല്ലതാണ്. ഇതിനോടൊപ്പം തന്നെ പതിവായി നേത്ര പരിശോധനകള്‍ നടത്തി കണ്ണുകളെ ആരോഗ്യത്തോടെ കാത്തു സൂക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

 
 
 

Comments


Alfa Medicare hospital is being managed by alfa Medicare India .In order to manage the operations of the Hospital, Alfa Medicare has deputed a most efficient leadership team medical Practitioners and efficient employees having high qualification in the field of medical care administration.

  • Facebook
  • Instagram

Perinthalmanna Road - Pookkattiri 676552

Tel: +91 9562760771

Copyright © Alfa Medicare. All Rights Reserved 

bottom of page