top of page

പപ്പായ ഇലയുടെ നീര് എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങൾക്ക് ഉപയോഗിക്കാം

  • Writer: Alfa MediCare
    Alfa MediCare
  • Sep 28, 2021
  • 2 min read

Updated: Oct 22, 2023



മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ടതും വർഷത്തിൽ ഉടനീളം കഴിക്കാൻ ആഗ്രഹിക്കുന്നതുമായ രുചികരമായ പഴങ്ങളിൽ ഒന്നാണ് പപ്പായ. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കൂടുതലായി വളരുന്ന ഒന്നാണ് പപ്പായ. മഞ്ഞ-ഓറഞ്ച് നിറത്തിലുള്ള ഈ പഴത്തിൻ്റെ രുചി നാവിന് അസാമാന്യമായതാണ്. പോഷകങ്ങൾ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള ഈ ഫലം ആരോഗ്യ കാര്യത്തിൽ മികച്ച ഗുണങ്ങൾ നൽകുന്നതാണ്. പപ്പായ ചെടിയുടെ പഴം മാത്രമല്ല അതിൻ്റെ ഇലകളും ഏറെ ഉപയോഗ പ്രദമായതാണ്. നമ്മുടെ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഏറ്റവും നല്ല പ്രതിവിധികളിൽ ഒന്നാണ് പപ്പായ ഇലയുടെ നീര്. ആരോഗ്യപരമായ പല ആനുകൂല്യങ്ങളും നൽകുന്ന കാരണത്താൽ തന്നെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇത് ആളുകൾക്കിടയിൽ വളരെയധികം പ്രശസ്തി നേടി വരുന്നുണ്ട്.



പപ്പൈൻ, ചിമോപാപൈൻ തുടങ്ങിയ എൻസൈമുകൾ ധാരാളം അടങ്ങിയിട്ടുള്ള പപ്പായയുടെ ഇലകൾ ദഹനത്തെ മെച്ചപ്പെടുത്തുന്ന ഒന്നാണ്. ശരീരവണ്ണം, മറ്റ് ദഹന സംബന്ധമായ തകരാറുകൾ എന്നിവ അകറ്റിനിർത്താൻ ഇത് ഗുണം ചെയ്യും. അതുപോലെതന്നെ ഇതിലെ ആൽക്കലോയ്ഡ് സംയുക്തങ്ങൾ തലമുടിയുടെ പ്രശ്നങ്ങളായ താരൻ, കഷണ്ടി എന്നിവയ്‌ക്കെതിരെ ഫലപ്രദമായി പ്രവർത്തിക്കുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇലകളിൽ ഉയർന്ന അളവിൽ വിറ്റാമിൻ എ, സി. ഇ, കെ, ബി എന്നിവ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ശരീരത്തിന് ആവശ്യമായ പോഷകങ്ങളെ നൽകുന്നു. പല സാഹചര്യങ്ങളിലും പപ്പായയില നീര്, ചായ, ഗുളികകൾ തുടങ്ങിയവയുടെ രൂപത്തിൽ ആളുകൾ ഉപയോഗിക്കുന്നു. പപ്പായ ഇല നൽകുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.


1.ഡെങ്കിപ്പനി ചികിത്സിക്കാൻ


ഡെങ്കിപ്പനിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന രോഗ ലക്ഷണങ്ങളെ ചികിത്സിക്കാൻ പപ്പായ ഇലയുടെ നീര് സാധാരണയായി ഉപയോഗിക്കാറ് പതിവുണ്ട്. ഡെങ്കിപ്പനി കഠിനമാകുന്ന സാഹചര്യങ്ങളിൽ, രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ അളവ് വേഗത്തിൽ കുറയുന്നതിന് കാരണമാകും. ഇത് രക്തസ്രാവത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. കൃത്യ സമയത്ത് ചികിത്സ നൽകിയില്ലെങ്കിൽ അത് ഏറ്റവും മാരകമായി മാറിയേക്കാം. പനി, ക്ഷീണം, തലവേദന, ഓക്കാനം, ചർമ്മ തിണർപ്പ്, ഛർദ്ദി എന്നിവയാണ് ഡെങ്കിയുടെ സാധാരണ ലക്ഷണങ്ങൾ


നിലവിൽ, ഡെങ്കിക്ക് നേരിട്ടുള്ള ചികിത്സകൾ ഒന്നും തന്നെയില്ല. രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ അളവ് സ്വാഭാവികമായ രീതിയിൽ ഉയർത്തുക മാത്രമാണ് ഏക പ്രതിവിധി. പപ്പായ ഇലയുടെ നീര് അരച്ച് കഴിക്കുന്ന ചികിത്സാ രീതി ഇക്കാര്യത്തിൽ ഏറ്റവും പ്രചാരമുള്ളതാണ്. പപ്പായ ഇലയുടെ സത്തിൽ രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ അളവ് ഗണ്യമായി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഘടകങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.


2.പ്രമേഹം വരുതിയിലാക്കാൻ


പ്രമേഹത്തെ ചികിത്സിക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിതമാക്കി നിലനിർത്തുന്നതിനും പപ്പായ ഇലയുടെ നീര് പലപ്പോഴും ഒരു പ്രകൃതിദത്ത മരുന്നായി ഉപയോഗിച്ചു വരുന്നു. പപ്പായ ഇലയുടെ സത്തിൽ ആന്റിഓക്‌സിഡന്റുകളും, രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്ന ഫലങ്ങളും അടങ്ങിയിട്ടുണ്ട് എന്ന് അടുത്തിടെ നടന്ന ഒരു പഠനത്തിൽ തെളിയിക്കപ്പെട്ടു. പാൻക്രിയാസ് ഗ്രന്ഥിയിലെ ഇൻസുലിൻ ഉൽപാദിപ്പിക്കുന്ന കോശങ്ങളെ കേടുപാടുകൾ തീർക്കാനും, നാശനഷ്ടങ്ങൾ സംഭവിക്കുന്നത് ഒഴിവാക്കാനും ഇതിലെ ഗുണങ്ങൾ സഹായിക്കുന്നു.


3.ദഹനാരോഗ്യത്തിന്


ഗ്യാസ് പ്രശ്നങ്ങൾ, ശരീരവണ്ണം, നെഞ്ചെരിച്ചിൽ തുടങ്ങിയ ദഹന ലക്ഷണങ്ങളെ ലഘൂകരിക്കാൻ പപ്പായ ഇല ചായ ഉപയോഗിക്കുന്നവരുണ്ട്. പപ്പായ ഇലയിൽ ഫൈബറുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഇത് ദഹന ആരോഗ്യത്തെ മികച്ചതാക്കി മാറ്റുന്നു. പ്രോട്ടീനുകളെയും അമിനോ ആസിഡുകളുടെയും സ്വാംശീകരണത്തിന് സഹായിക്കുന്ന ഇത് മലബന്ധം, നെഞ്ചെരിച്ചിൽ, വയറിളക്കം തുടങ്ങിയതിൻ്റെ രോഗലക്ഷണങ്ങൾ ഉള്ളവരിൽ മികച്ച ഫലങ്ങൾ നൽകുന്നു.


കൂടാതെ ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ നിറഞ്ഞതാണ് പപ്പായ ഇലകൾ. പേശിവേദന, സന്ധി വേദന എന്നിവയുൾപ്പെടെയുള്ള ശരീരത്തിൻ്റെ ആന്തരികവും ബാഹ്യവുമായ കോശജ്വലന രോഗാവസ്ഥകളെ ചികിത്സിക്കാനായി ആയുർവേദത്തിൽ പണ്ടു മുതൽക്കേ പപ്പായ ഇലകൾ ഉപയോഗിച്ചു വരുന്നുണ്ട്. പപ്പായ ഇലകളുടെ നീര് സന്ധിവാതം ബാധിച്ചവരിലെ വീക്കം, വേദന തുടങ്ങിയവ ഗണ്യമായി കുറച്ചതായി അടുത്തിടെ നടന്ന ഒരു പഠനം വ്യക്തമാക്കുന്നുണ്ട്.


4.മുടി വളരാൻ


പപ്പായ ഇലകളുടെ നീര് അരച്ചെടുത്ത് തലയോട്ടിയിൽ പുരട്ടുന്നത് മുടിയുടെ വളർച്ചയും ആരോഗ്യവും പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ്. പപ്പായ ഇലകളുടെ നീരിന് ആന്റിഫംഗൽ ഗുണങ്ങളുണ്ട്, ഇത് താരൻ ഉണ്ടാക്കുന്നതിന് കാരണമാവുന്ന ഫംഗസായ മലാസെസിയയെ നിർവീര്യമാക്കും. ശരീരത്തിൽ സംഭവിക്കുന്ന ഉയർന്ന അളവിലുള്ള ഓക്സിഡേറ്റീവ് സമ്മർദ്ദമാണ് മുടി കൊഴിച്ചിലിൻ്റെ പ്രധാന കാരണമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അതിനാൽ തന്നെ ആന്റിഓക്‌സിഡൻ്റുകൾ ഉയർന്ന അളവിൽ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഓക്സിഡേറ്റീവ് സമ്മർദ്ദം ലഘൂകരിക്കാനും മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും.


5.ആരോഗ്യമുള്ള ചർമത്തിന്


പപ്പായ ഇലകൾ ശുദ്ധമായി അരച്ചെടുത്ത് ചർമ്മത്തിൽ പുരട്ടുന്നത് ചർമത്തിൻ്റെ ആരോഗ്യസ്ഥിതിക്ക് ഏറ്റവും ഉത്തമമാണെന്ന് പറയപ്പെടുന്നു. ഇതിലെ എൻസൈമുകൾക്കും, പോഷകങ്ങൾക്കും ചർമ്മത്തിലേക്ക് പെട്ടെന്ന് അലിഞ്ഞു ചേരാനുള്ള കഴിവുണ്ട്. ഇതൊരു എക്സ്ഫോളിയന്റായി പ്രവർത്തിക്കുകയും ചർമത്തിൽ നിന്ന് പൊടികളേയും നിർജീവ കോശങ്ങളേയും നീക്കം ചെയ്യാൻ സഹായിക്കുന്നു. അടഞ്ഞുപോയ സുഷിരങ്ങൾ, മുഖക്കുരു എന്നിവയുടെ പ്രശ്നങ്ങളെ കുറയ്ക്കുന്നതിന് ഏറ്റവും ഫലപ്രദമായ മാർഗ്ഗമായി ഇതിനെ കണക്കാക്കാം.



6.കാൻസർ വിരുദ്ധ ഗുണങ്ങൾ


പപ്പായയുടെ ഇല പലതരം അർബുദങ്ങളെ പ്രതിരോധിച്ചു നിർത്തുമെന്ന് പറയപ്പെടുന്നു. ഇക്കാര്യം കൊണ്ടുതന്നെ പരമ്പരാഗത ആയുർവേദ വൈദ്യശാസ്ത്ര രീതികളിൽ ചികിത്സയ്ക്കായി പപ്പായ ഇല ഉപയോഗിച്ചു വരുന്നുണ്ട്. ടെസ്റ്റ്-ട്യൂബ് പഠനങ്ങളിൽ പ്രോസ്റ്റേറ്റ്, സ്തനാർബുദ കോശങ്ങളുടെ വളർച്ചയെ തടയാനുള്ള കഴിവ് ഇതിനുണ്ടെന്ന് കാണിക്കുന്നു. എന്നാൽ തന്നെയും ഇത് ശാസ്ത്രീയമായി സ്ഥിരീകരിക്കുന്നതിന് കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണ്.


ആരോഗ്യ ഗുണങ്ങൾ നൽകുന്ന കാര്യത്തിൽ ഏറെ മുമ്പിലാണ് പപ്പായ ഇലകളുടെ സ്ഥാനം. അതിനാൽ തന്നെ പല അസുഖങ്ങൾക്കും ഒരു മറു മരുന്നായി പപ്പായയില ഉപയോഗിക്കാം.


 
 
 

Comments


Alfa Medicare hospital is being managed by alfa Medicare India .In order to manage the operations of the Hospital, Alfa Medicare has deputed a most efficient leadership team medical Practitioners and efficient employees having high qualification in the field of medical care administration.

  • Facebook
  • Instagram

Perinthalmanna Road - Pookkattiri 676552

Tel: +91 9562760771

Copyright © Alfa Medicare. All Rights Reserved 

bottom of page