വിറ്റാമിന്‍ ഡി ഭക്ഷണങ്ങള്‍ കോവിഡ് സാധ്യത കുറയ്ക്കുമോ?
- Alfa MediCare
- Sep 28, 2021
- 2 min read

വൈറസില്‍ നിന്ന് പ്രതിരോധം തീര്‍ക്കാന്‍ ചില വിറ്റാമിനുകള്‍ കൂടുതലായി നമ്മുടെ ശരീരത്തെ സഹായിക്കുന്നു. കോവിഡ് കാലത്ത് പലര്‍ക്കും മനസിലായ ഒരു കാര്യമായിരിക്കും ശരീരത്തിന്റെ ആരോഗ്യത്തിന് വിറ്റാമിനുകള്‍ വഹിക്കുന്ന പങ്ക് എത്ര വലുതാണെന്ന്. അത്തരത്തിലൊന്നാണ് വിറ്റാമിന്‍ ഡി. കൊഴുപ്പ് ലയിക്കുന്ന പോഷകമാണ് വിറ്റാമിന്‍ ഡി, ഇത് ശരീരത്തിന് ആവശ്യമായ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.
വിറ്റാമിന്‍ ഡിയുടെ ഗുണങ്ങള്‍ സാധാരണക്കാര്‍ക്ക് അത്ര പരിചിതമല്ലായിരുന്നു. എന്നാല്‍, കോവിഡ് മഹാമാരിയായത് മുതൽ മിക്കവരും പതുക്കെ ഇതിനെക്കുറിച്ച് കൂടുതല്‍ മനസിലാക്കി. ഇപ്പോള്‍, വാക്‌സിനേഷനും കോവിഡ് പ്രതിരോധ മാര്‍ഗങ്ങളുമാണ് മാരകമായ വൈറസിനെ ചെറുക്കാനുള്ള പ്രാഥമിക മാര്‍ഗ്ഗങ്ങള്‍. ഇതിനോടൊപ്പം തന്നെ, വിറ്റാമിന്‍ ഡി സമ്പന്നമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതും വൈറസിനെ ചെറുക്കാൻ പ്രധാന പങ്ക് വഹിക്കുന്നുവെന്ന് വിദഗ്ധര്‍ കരുതുന്നു.
പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു പ്രധാന പോഷകമാണ് വിറ്റാമിന്‍ ഡി. കോവിഡ് 19 തടയുന്നതിനും കഠിനമായ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനും വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണം വളരെ ഫലപ്രദമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. പുതിയ വകഭേദങ്ങള്‍ക്കും, രോഗവ്യാപനത്തിനും ഇടയില്‍, മാരകമായ വൈറസില്‍ നിന്ന് ഓരോരുത്തരും സ്വയം പരിരക്ഷിക്കേണ്ടത് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. ശരീരത്തെ മുഴുവന്‍ ബാധിക്കുന്ന ഒരു പകര്‍ച്ചവ്യാധിയാണ് കോവിഡ് 19. പ്രധാനമായും ഇത് ശ്വാസകോശത്തെ എളുപ്പത്തില്‍ ബാധിക്കുന്നു. അതിനാല്‍, ശരിയായ ഭക്ഷണ ശീലത്തിലേക്ക് മാറുന്നത് കോവിഡ് പ്രതിരോധത്തില്‍ ഒരു നിര്‍ണായക പങ്ക് വഹിക്കുന്നു.
ചിക്കാഗോ യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിന്‍ നടത്തിയ പഠനത്തില്‍, വിറ്റാമിന്‍ ഡിയുടെ കുറവുള്ള ആളുകള്‍ക്ക്, ശരീരത്തില്‍ ആവശ്യമായ വിറ്റാമിന്‍ ഡി ഉള്ളവരേക്കാള്‍ കോവിഡ് അണുബാധയ്ക്ക് ഇരട്ടി സാധ്യതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗവേഷക സംഘം 489 രോഗികളുടെ ഡാറ്റ പരിശോധിച്ചപ്പോള്‍ വിറ്റാമിന്‍ ഡിയുടെ കുറവുള്ളവര്‍ക്ക് കോവിഡ് വൈറസ് ബാധിക്കാനുള്ള സാധ്യത 1.77 മടങ്ങ് കൂടുതലാണെന്ന് കണ്ടെത്തി. കോവിഡിനെതിരായ ഫലപ്രദമായ നടപടിയാണ് വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് എന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. മാസ്‌ക് ധരിക്കുക, ശുചിത്വം പാലിക്കുക തുടങ്ങിയ മുന്‍കരുതല്‍ നടപടികള്‍ക്ക് പുറമേ വിറ്റാമിന്‍ ഡി സപ്ലിമെന്റുകള്‍ കഴിക്കുന്നതും കോവിഡ് തടയാനുള്ള മാര്‍ഗമാണെന്ന് ഗവേഷണ സംഘം നിര്‍ദേശിക്കുന്നു.
കോവിഡ് ബാധ തടയുന്നത് കൂടാതെ ശരീരത്തിന് മറ്റ് പല ഗുണങ്ങളും വിറ്റാമിന്‍ ഡി നൽകുന്നുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
1.വിറ്റാമിന്‍ ഡി ശരീരത്തെ കാല്‍സ്യം ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു. ഇത് ഓസ്റ്റിയോപൊറോസിസ് പോലുള്ള അസ്ഥി രോഗങ്ങളെ തടയുന്നു.
2.ആളുകളില്‍ കാലാനുസൃതമായ വിഷാദം തടയുന്നതിനും വിറ്റാമിന്‍ ഡി സഹായിക്കുന്നു.
3.കോവിഡ് കൂടാതെ, മറ്റ് രോഗങ്ങളില്‍ നിന്നും ഇത് നിങ്ങളുടെ ശരീരത്തെ സംരക്ഷിക്കുന്നു.
4.ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കുന്നു.
വിറ്റാമിന്‍ ഡി കുറവാണെങ്കില്‍ ശരീരം പല രോഗാവസ്ഥകളും കാണിക്കുന്നു. അതിനാല്‍ ആരോഗ്യകരമായി നിലനിര്‍ത്താന്‍ വിറ്റാമിന്‍ ഡി വളരെ പ്രധാനമാണ്. വിറ്റാമിന്‍ ഡി ശരീരത്തില്‍ കുറഞ്ഞ അളവിലാണെങ്കില്‍ ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, അണുബാധകളും രോഗപ്രതിരോധ തകരാറുകളും, അസ്ഥി തകരാര്‍, പേശി വേദന, പ്രോസ്റ്റേറ്റ് പ്രശ്‌നങ്ങള്‍, സ്തനാര്‍ബുദം പോലുള്ള ചിലതരം കാന്‍സര്‍ എന്നിവ കണ്ടേക്കാം.
വിറ്റാമിന്‍ ഡി നമുക്ക് പലവിധത്തില്‍ ലഭിക്കും. അതില്‍ പ്രധാനമാണ് സൂര്യപ്രകാശം. ശരീരത്തില്‍ സൂര്യപ്രകാശം തട്ടുന്നതിലൂടെ വിറ്റാമിന്‍ ഡി ലഭിക്കുന്നു. ആഴ്ചയില്‍ മൂന്നു ദിവസം ഏകദേശം 15-20 മിനിറ്റ് നേരം വെയില്‍ കൊള്ളുന്നതിലൂടെ ആവശ്യത്തിന് വിറ്റാമിന്‍ ഡി ശരീരത്തിലെത്തുന്നു. അതുകൂടാതെ കഴിക്കുന്ന ഭക്ഷണങ്ങളിലൂടെയും പോഷക സപ്ലിമെന്റുകളിലൂടെയും വിറ്റാമിന്‍ ഡി ലഭിക്കുന്നു. ചില ഭക്ഷണങ്ങളില്‍ നിന്നും വിറ്റാമിന്‍ ഡി ലഭിക്കുന്നു. പാല്‍, തൈര്, ഓറഞ്ച് ജ്യൂസ്, ഓട്സ്, കൂണ്‍, മുട്ടയുടെ മഞ്ഞ, കൊഴുപ്പ് കൂടിയ മത്സ്യങ്ങളായ സാല്‍മണ്‍, ട്യൂണ എന്നിവ വിറ്റാമിന്‍ ഡി വലിയ അളവില്‍ അടങ്ങിയ ആഹാരസാധനങ്ങളാണ്.
കോവിഡില്‍ നിന്ന് കരകയറാനോ, അല്ലെങ്കില്‍ ഭാവിയിലെ അണുബാധ തടയുന്നതിനോ വേണ്ടി ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കഴിക്കുന്ന ഭക്ഷണം ഒരു പ്രധാന പങ്ക് വഹിക്കുന്നു. മാത്രമല്ല, ശരിയായ ഭക്ഷണക്രമം മറ്റ് അസുഖങ്ങളെ തടയുകയും കൂടുതല്‍ കാലം ആരോഗ്യത്തോടെ നിലനിര്‍ത്തുകയും ചെയ്യുന്നു. അതിനാൽ ആരോഗ്യപൂർണ്ണമായ ഭക്ഷണങ്ങൾ ആഹാരരീതിയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക.



Comments